പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതിയായി നടക്കവേ സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരേ ഒളിയന്പുമായി മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ. ശശി. സ്പിരിറ്റും കള്ളും കൂടിച്ചേരുന്പോഴുള്ള രസതന്ത്രം മാത്രം അറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ രസതന്ത്രം അറിയില്ലെന്ന് ശശി ഫേസ്ബുക്കിൽ കുറിച്ചു.
ലണ്ടനിലെ മാർക്സിന്റെ ശവകുടീരത്തിനു സമീപത്തു നിൽക്കുന്ന ചിത്രത്തിന്റെ അടിയിലാണ് പി.കെ. ശശിയുടെ കുറിപ്പ്. “മാർക്സും മാർക്സിസവും അജയ്യവും അമരവും നിത്യവസന്തവുമാണ്. എന്നാൽ സ്പിരിറ്റും കള്ളും കൂടിച്ചേരുന്പോഴത്തെ രസതന്ത്രം മാത്രം അറിയുന്നവർക്ക് കമ്യൂണിസ്റ്റ് സ്പിരിറ്റിന്റെ രസതന്ത്രം മനസിലാവില്ല’’ - പോസ്റ്റിൽ പറയുന്നു.
ദിവസങ്ങൾക്കുമുന്പ് പാലക്കാട് മീനാക്ഷിപുരത്ത് സ്പിരിറ്റ് ശേഖരം പിടിച്ച കേസിൽ അറസ്റ്റിലായ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു ജില്ലാ നേതൃത്വവുമായി ബന്ധമുണ്ടെന്ന കോണ്ഗ്രസ് ആരോപണത്തിനു പിന്നാലെയാണു ശശിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സാന്പത്തിക ആരോപണത്തെത്തുടർന്ന് ജില്ലാ കമ്മിറ്റിയിൽനിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തപ്പെട്ട പി.കെ. ശശി ഏറെനാളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്.
ഇത്തരം പ്രതികരണങ്ങൾകൊണ്ടാണ് പി.കെ. ശശി ബ്രാഞ്ചിൽതന്നെ ഇരിക്കുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു തിരിച്ചടിച്ചു.